കൊച്ചി: മോഷണകുറ്റമാരോപിച്ച് വൃദ്ധനെ പൊലീസ് മർദ്ദിച്ചവശനാക്കിയതായി പരാതി. ആലുവ സ്വദേശി സുബ്രമണ്യനാണ് ബിനാനിപുരം പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പാനായിക്കുളത്തെ ഒരു ഡോക്ടറുടെ വീട്ടിൽ നിന്ന് ജോലിക്കാരിയായ യുവതി 18 പവൻ സ്വർണം മോഷ്ടിക്കുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് പിടിയിലായ യുവതി സ്വർണം പാതാളത്തുള്ള സ്വർണകടയിൽ വിറ്റുവെന്ന് മൊഴി നൽകി. എന്നാൽ മോഷ്ടിച്ച സ്വർണം മറ്റൊരാളെ ഏൽപ്പിച്ച യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജമൊഴി നൽകുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനിടയിൽ സ്വർണകടയിലെ ജീവനക്കാരനായ സുബ്രമണ്യനാണ് താൻ സ്വർണം വിറ്റതെന്ന് യുവതി പൊലീസിനെ അറിയിച്ചു. യുവതിയുടെ മൊഴി വിശ്വസിച്ച പൊലീസ് പ്രായം വകവയ്ക്കാതെ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് സുബ്രമണ്യൻ പറയുന്നു. നിരപരാധിയെന്ന് ആവർത്തിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. മർദനം തുടർന്നതോടെ സുബ്രമണ്യൻ താനാണ് സ്വർണം വാങ്ങിയതെന്ന് സമ്മതിച്ചു.

പിറ്റേന്ന് 18 പവൻ സ്വർണം സുബ്രമണ്യൻ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ മോഷണത്തിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ സ്വർണം സുക്ഷിച്ചിരുന്ന യുവതി യഥാർത്ഥ സ്വർണവുമായി സ്റ്റേഷനിലെത്തി. ഇതോടെ പൊലീസ് സുബ്രമണ്യനോട് സ്വർണം തിരികെ കൊണ്ടുപോകാനും ആവശ്യുപ്പെട്ടു. യഥാർത്ഥ പ്രതികളെ റിമാൻഡും ചെയ്തു. അതേസമയം മോഷണകുറ്റം ചുമത്തി വൃദ്ധനെ മർദ്ദിച്ചതിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് വ്യാപാരികൾ. എന്നാൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുബ്രമണ്യനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.