മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ കേസ്

ലക്നൗ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖിയുടെ സഹോദരന്‍ അയാസ്സുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കേസെടുത്തു. ഫേസ്ബുക്കില്‍ 'ശിവജി മഹാരാജ്' നെ കുറിച്ച് നല്‍കിയ പോസ്റ്റിനെതിരെയാണ് പരാതി. 

അതേസമയം ആരോപണം അയാസുദ്ദീന്‍ സിദ്ദിഖി നിഷേധിച്ചു. ഭഗവാന്‍ ശിവന്‍റെ അപകീര്‍ത്തികരമായ ചിത്രം തന്‍റെ പേജില്‍ കമന്‍റായി ഒരാള്‍ നല്‍കിയിരുന്നു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആയാസ്സുദ്ദീന്‍ പറഞ്ഞു. 

തനിക്കെതിരെ കേസ് എടുക്കും മുമ്പ് പരാതിയില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകനാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ചിത്രം പോസ്റ്റ് ചെയ്തത് അയാസുദ്ദീന്‍റെ ഫോണില്‍നിന്ന് തന്നെയാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അയാസുദ്ദീന്‍ മത വികാരം വ്രണപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.