കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് പാലക്കാട് കോങ്ങാട് എംഎൽഎ കെ വി വിജയദാസിനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. 

പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എംഎൽഎ കെ വി വിജയദാസിനെതിരെ മണ്ണാർക്കാട് പൊലീസ് കേസ്സെടുത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ അപായപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞത്. ഫോൺ സംഭാഷണത്തിന്റ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അതേസമയം, പുറത്തുവന്നത് തന്റെ ശബ്ദമല്ലെന്ന് എംഎല്‍എ പറഞ്ഞു.

കോങ്ങാട് മണ്ഡലത്തിലെ ഓടക്കുന്നിൽ വനഭൂമി കയ്യേറിയെന്ന പരാതി പരിശോധിച്ച ഉദ്യോഗസ്ഥനോട് സ്ഥലം എം എൽഎ പറയുന്നതാണിത്. ഓടക്കുന്നില്ലെ പൂഞ്ചോല ഭാഗത്ത് വനഭൂമി കയ്യേറ്റം ഒഴിപ്പലുമായി ബന്ധപ്പെട്ട് സ്ഥലപരിശോധ ഉൾപ്പെടെ പൂർത്തിയായി. തുടർനടപടികൾക്കായി തയ്യാറെടുക്കുമ്പോഴാണ് ഭീഷണി. അവധിക്ക് നാട്ടിലേക്ക് പോയ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചാണ് ഭീഷണി. പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പോകരുതെന്നും, പോയാൽമണ്ണാർക്കാട്ടെ ചില പൊലീസുകാരെ നേരത്തെ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വനം വകുപ്പുദ്യോഗസ്ഥന്റെ പരാതിയെതുടർന്ന് മണ്ണാർക്കാട് പൊലീസ് കേസ്സെടുത്തു

അതേസമയം കോങ്ങാട് എംൽഎ സംഭവം നിഷേധിച്ചു. പൂഞ്ചോലയിൽ കയ്യേറ്റമില്ലെന്നും കൈവശാവകാശ രേഖയുളള കർഷകരാണെന്നും കെ വി വിജയദാസ് പറഞ്ഞു. സത്യാവസ്ഥ മറച്ചുവച്ച് കയ്യേറ്റമൊഴിപ്പിക്കാൻ ചെന്ന ഉദ്യോഗസ്ഥനോട് താൻ കാര്യങ്ങൾ വശദീകരിക്കുകമാത്രമേ ചെയ്തുളളൂ എന്നും എംഎൽഎ പറ‍ഞ്ഞു.