കൊച്ചി: പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെന്‍റിൽ കുട്ടികൾക്ക് പീഡനമെന്ന് പരാതി. സ്ഥാപനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതിപ്പെട്ട് ഇരുപതോളം കുട്ടികൾ രാത്രി തെരുവിലിറങ്ങി. സംഭവത്തിൽ രണ്ട് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു.
നിർധനരായ 24 വിദ്യാർത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്‍റിലുള്ളത്. ഇതിൽ ആറ് മുതൽ 12 വയസ് വരെ പ്രായമുള്ള 20 പെൺകുട്ടികൾ രാത്രി ഒന്പതരയോടെ റോഡരികിൽ നിൽക്കുന്നത് കണ്ട് നാട്ടുകാർ കാര്യമന്വേഷിച്ചു. കോൺവെന്‍റിൽ നിന്ന് ഇറക്കിവിട്ടതാണെന്ന് കുട്ടികൾ പരാതിപ്പെട്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും അടിക്കാറുണ്ടെന്നും പഴകിയ ഭക്ഷണം നൽകിയെന്നുമടക്കമുള്ള പരാതികളാണ് കുട്ടികൾ ഉന്നയിച്ചത്.
സിസ്റ്റർ അംബിക, സിസ്റ്റർ ബിൻസി എന്നിവർക്കെതിരെയാണ് കുട്ടികളുടെ പരാതി. എന്നാൽ വഴക്കുപറഞ്ഞതിലുള്ള ദേഷ്യത്തിന് കുട്ടികൾ ഇറങ്ങിപ്പോയതാണെന്നാണ് കോൺവെന്‍റ് അധികൃതരുടെ വിശദീകരണം. സിസ്റ്റർ അംബികയെ കുട്ടികളുടെ പരിചരണത്തിന്‍റെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകൾക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തു
