തെറ്റായ കാര്യങ്ങൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുത് കർശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: നിപാ വൈറസ് ബാധ സംബന്ധിച്ച് നവ മാധ്യമങ്ങൾ വഴി തെറ്റായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസടുക്കാൻ ഡിജിപിയുടെ നിർദേശം. സൈബർ പൊലീസിനാണ് നിർദ്ദേശം നൽകിയത്. തെറ്റായ കാര്യങ്ങൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ ചെയ്താൽ കർശന നടപടിയെന്നും ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.
നിപ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
