ഇടുക്കി: കുമളിക്ക് സമീപം മുരിക്കടിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളടക്കമുള്ള കുടുംബത്തെ കുടിയിക്കി ശേഷം വീട് പാര്‍ട്ടി ഓഫീസാക്കി മാറ്റിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തു. സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്സെടുത്തത്. സംഭവത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരമാണ് സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ് പ്രവര്‍ത്തകരായ അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെ കേസ്സെടുത്തത്. മുരിക്കടി സ്വദേശി മാരിയപ്പനെയും ഭാര്യ ശശികലയെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ബിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിറക്കിയത്. തുടര്‍ന്ന് വീട് പാര്‍ട്ടി ഓഫീസാക്കി മാറ്റി. ബന്ധുക്കളായ മാരിയപ്പനും മുത്തു എന്ന മുഹമ്മദ് സല്‍മാനും തമ്മില്‍ വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസ്സെടുത്തത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മാരിയപ്പന് സഹായവുമായി സിപിഐയും സല്‍മാന് സഹായവുമായി സിപിഎമ്മും രംഗത്തുണ്ട്.
സിപിഎമ്മിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, പട്ടിക ജാതി വികസന ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
