തിരുവനന്തപുരം: പദ്മഭൂഷൻ പുരസ്കാരം കിട്ടിയ നമ്പി നാരായണനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിനെതിരെ കേസെടുക്കാനാകുമോ എന്ന് പൊലീസ് പരിശോധിക്കുന്നു. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം കേടി. 

ഡിജിപിക്ക് കിട്ടിയ പരാതിയിലാണ് കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയത്. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് സെൻകുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. സെൻകുമാറിനെതിരായ ഈ പരാതി പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. 

നമ്പി നാരായണനെക്കുറിച്ച് സെൻകുമാർ പറഞ്ഞതെന്ത്?

നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണ്. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയത്? ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരടക്കമുള്ളവരോട് താൻ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാർഡ് സ്പോൺസർ ചെയ്തവരും അവാർഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. 

മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും അവാർഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാൾ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലർക്കും അവാർഡ് കൊടുത്തില്ല.

നമ്പി നാരായണൻ പറഞ്ഞ മറുപടി

സെൻകുമാർ യഥാർഥത്തിൽ മറുപടി അർഹിക്കുന്നില്ല. സെൻകുമാർ പറയുന്നതെല്ലാം അബദ്ധമാണ്. അദ്ദേഹം ആരുടെ ഏജന്‍റാണ് എന്നറിയില്ല. കേസിൽ പലർക്കും സ്വാർഥതാത്പര്യങ്ങളുണ്ട്. ചാരക്കേസ് പണ്ടേ കോടതി എഴുതിത്തള്ളിയതാണ്. എന്നെ കുറ്റവിമുക്തനാക്കിയതുമാണ്. എനിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കിയത്. സുപ്രീംകോടതി ഇപ്പോൾ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണസമിതി ചാരക്കേസ് അട്ടിമറിച്ചതെങ്ങനെ എന്നാണ് അന്വേഷിക്കുന്നത്. എങ്ങനെയാണ് ചാരക്കേസ് വ്യാജമായി നിർമിച്ചത് എന്നാണ് അവരന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ ചാരക്കേസല്ല.