കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ സിനിമാ രംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു. ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുന്നത്. ദിപീലിന്റെയും നാദിര്‍ഷായുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കും.
ദിലീപിനെയും നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും കഴിഞ്ഞ ദിവസം 13 മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇതില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്ന് ലഭിച്ച മൊഴികള്‍ പൊലീസ് വിശദമായി പരിശോധിച്ചു. മൊഴിയിലെ പൊരുത്തക്കേടുകളും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഗൂഢാലോചനയുടെ ചുരുളഴിയിക്കാന്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഇതോടൊപ്പം ദിലീപും നാദിര്‍ഷായും കഴിഞ്ഞ 10 വര്‍ഷമായി നടത്തിയ ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇടപാടുകള്‍ നടത്തിയ സമയത്ത് ഇരുവര്‍ക്കും അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നോ? ആരൊക്കെയാണ് ഈ ഇടപാടുകളില്‍ പങ്കാളിയായത്? തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് തേടുന്നുണ്ട്.
