തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിലെ സമര പന്തലുകള്‍ നീക്കി . റവന്യു പൊലീസ് അധികൃതരാണ് പന്തലുകള്‍ നീക്കി നടപ്പാത സഞ്ചാരയോഗ്യമാക്കിയത്.

സെക്രട്ടേറിയറ്റിനുമുന്നില്‍ സമരത്തിനെത്തിയ പലരും പിന്നീട് പന്തലുകെട്ടി ഇവിടെ സ്ഥിരം താമസമാക്കി. പലതവണ ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. നടപ്പാത കയ്യേറിയുള്ള പന്തലുകെട്ടി സമരം കാല്‍നട യാത്രപോലും ദുസഹമാക്കി. ഈ സാഹചര്യത്തിലാണ് എല്ലാം ശരിയാക്കാന്‍ റവന്യു പൊലീസ് അധികൃതര്‍ രംഗത്തെത്തിയത്.

കസേരകളും പാത്രങ്ങളും തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ എല്ലാം പന്തലുകളിലുണ്ടായിരുന്നു. ഇതെല്ലാം പൊലീസിന്റെ വാനുകളിലേക്ക് മാറ്റി. ഉടമസ്ഥര്‍ക്ക് സാധനങ്ങള്‍ മാറ്റാനുള്ള സമയവും നല്‍കി. ചിലര്‍ ചെറിയ പ്രതിരോധമൊക്കെ തീര്‍ത്തു. എന്നാല്‍ നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ സ്വന്തമായുണ്ടായിരുന്നതെല്ലാം പെറുക്കി സമരക്കാര്‍ പിരിഞ്ഞു.