ഇടുക്കി സ്വദേശികളായ ദമ്പതികളെ ചിട്ടിക്കമ്പനി ഉടമ സുരേഷ് ചുട്ടുകൊന്നതാണെന്നതിന് തെളിവ് പോലീസിന് ഇതുവരെ കിട്ടിയില്ല. ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും ശേഖരിച്ച തെളിവുകളുമെല്ലാം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലേക്കാണെത്തുന്നത്. പെട്രോളൊഴിച്ച് കൊന്നതാണെന്ന വാദത്തിന് ദമ്പതികളുടെ മരണമൊഴി മാത്രമാണ് പോലീസിനുള്ളത്. 

ചിട്ടിനടത്തിപ്പുകാരന്‍ സുരേഷിനെ മൂന്നുദിവസം മാറി മാറി ചോദ്യം ചെയ്തിട്ടും നേരത്തെ പറഞ്ഞതില്‍ നിന്ന് ഒരു മാറ്റവുമുണ്ടായില്ല. ദമ്പതികള്‍ സ്വയം തീകൊളുത്തിയതാണെന്നും സംഭവം നടന്നതിന് ശേഷമാണ് താന്‍ വീട്ടിലെത്തിയതെന്നുമാണ് സുരേഷിന്റെ മൊഴി. ഇയാളുടെ ഭാര്യയില്‍ നിന്നും മകനില്‍ നിന്നും പോലീസ് മൊഴിയെടുത്തു. സുരേഷിന്റെ മകനാണ് സംഭവത്തിലെ ഏക ദൃക്‌സാക്ഷി. 

സുരേഷിനെതിരെ കൊലക്കുറ്റം ചുമത്താതെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാവും അറസ്റ്റ് രേഖപ്പെടുത്തുക. തെളിവെടുപ്പിന്റെ ഭാഗമായി ദമ്പതികളുടെ നാടായ കീരിത്തോട്ടിലെത്തിയ അമ്പലപ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയെന്നാണ് കുടുംബാംഗങ്ങളോട് പറഞ്ഞത്. അന്വേഷണ സംഘം ദമ്പതികളുടെ മകന്റെയും മകളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

എന്നാല്‍ ദമ്പതികള്‍ ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. സംഭവം നടന്ന അമ്പലപ്പുഴയിലെ വീട്ടുമുറ്റത്തുനിന്ന് മിനറല്‍ വാട്ടര്‍ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതിലാണ് പെട്രോള്‍ കരുതിയിരുന്നത്.ഈ കുപ്പിവെള്ള കമ്പനിക്ക് അമ്പലപ്പുഴയില്‍ വിതരണ ശൃംഖലയില്ലെന്ന് പോലീസ് ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്‌തേക്കുമെന്ന് വേണു സുഹൃത്തിന് വിളിച്ച് പറഞ്ഞ ശബ്ദസംഭാഷണവും പോലീസ് ശേഖരിച്ച് കഴിഞ്ഞു.