പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടിലെത്തി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നു. വീടിന്റെപരിസരത്ത് താമസിക്കുന്ന പുരുഷന്‍മാരുടെ വിരലടയാളവും പൊലീസ് ശേഖരിക്കുന്നുണ്ട്. ജിഷയുടെ മരണം കഴിഞ്ഞ് 13 ദിവസമായിട്ടും അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വീണ്ടും വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ ജിഷയുടെ വീട്ടില്‍ നിന്ന് പൊലീസ് സംഘത്തിന് രണ്ട് വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരുടെ വിരലടയാളങ്ങളുമായി ഇവക്ക് സാമ്യമുണ്ടായിരുന്നില്ല. ഇത് ആരുടേതാണെന്ന് തിരിച്ചറിയാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് പരിസരവാസികളുടേതടക്കമുള്ള വിരലടയാളങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കരുതുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബംഗലൂരുവിലെ ആധാര്‍ കാര്‍ഡ് ഡേറ്റാബേസ് പരിശോധിക്കാനായി പൊലീസ് സംഘം അവിടെയെത്തിയിട്ടുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുടെ വിവരങ്ങള്‍ ലഭിച്ചാല്‍ അത് സുപ്രാധാന തെളിവാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ജിഷ കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ തന്നെ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് കാണിച്ചത്. തെരഞ്ഞെടുപ്പ് വിഷയം എന്നതിലുപരി നീതിയുടെ വിഷയമാണിതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.