കഴിഞ്ഞമാസം 15ന് രാവിലെയാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തിനുള്ള സമയം ക്രമപ്പെടുത്താനുള്ള ടൈമര്‍ ഘടിപ്പിച്ച സര്‍ക്യൂട്ട് ബോര്‍‍‍ഡ് സ്ഫോടന സ്ഥലത്ത് നിന്നും അന്ന് തന്നെ പൊലീസിന് കിട്ടിയിരുന്നു. ഈ സര്‍ക്യൂട്ട് ബോര്‍ഡാണ് ബംഗലൂരുവിലെ ഒരു കടയില്‍ നിന്നും വാങ്ങിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ ബോര്‍ഡ് നിര്‍മ്മിച്ചത് മുംബൈയിലെ ഒരു സ്ഥാപനത്തില്‍ നിന്നാണെന്ന് സ്ഫോടനം നടന്ന ഉടനെ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന്റെ വിത്യസ്ഥ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും സര്‍ക്യൂട്ട് ബോര്‍ഡ് വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് ഈ ബോര്‍ഡ് സ്ഫോടനം നടത്തിയ സംഘം വാങ്ങിയതെന്ന് കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നു. 

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബോര്‍ഡ് വില്‍പ്പന നടത്തിയ സ്ഥാപനം അന്വേഷണസംഘം കണ്ടെത്തിയത്. ഈ കടയില്‍ നിന്നും സര്‍ക്യൂട്ട് ബോര്‍ഡ് വാങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. ഇതില്‍ നിന്നും വ്യക്തമായ തെളിവ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഒരുമാസം മാസം മുമ്പ് നടന്ന സ്ഫോടനത്തിന് പിന്നിലുള്ളവരെ ഉടനെ കണ്ടെത്താമെന്ന പ്രതീക്ഷ ശക്തമായി. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ആന്ധ്രയിലെ ചിറ്റൂര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ചിറ്റൂര്‍ കോടതി വളപ്പിലെ സ്‌ഫോടനവും കൊല്ലത്തെ സ്‌ഫോടനവും തമ്മില്‍ സാമ്യമുള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.