കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് പിടികൂടിയത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്. കോളജ് ഹോസ്റ്റലില്‍ നിന്ന് കിട്ടിയത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികള്‍ എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചത്. എന്നാല്‍ എഫ് ഐ ആറിലും സെര്‍ച്ച് ലിസ്റ്റിലുമാണ് മാരകായുധങ്ങളെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

മഹാരാജാസ് കോളജിലെ സ്റ്റാഫ് ഹോസ്റ്റലിനുമുകളിലായി വിദ്യാര്‍ഥികള്‍ക്ക് താല്‍കാലികമായി അനുവദിച്ച താമസസ്ഥലത്തുനിന്നാണ് ഇരുമ്പ്ദണ്ഡുകള്‍, വാക്കത്തി, തടിക്കഷണങ്ങള്‍ എന്നിവയൊക്കെ കിട്ടിയത്. ആയുധ നിയമപ്രകാരം കേസെടുത്ത പൊലീസ് മാരകായുധങ്ങള്‍ എന്നുതന്നെയാണ് എഫ് ഐ ആറിലും സെര്‍ച്ച് ലിസ്റ്റിലും രേഖപ്പെടുത്തിരിക്കുന്നത്. വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ തന്നെയാണ് ഇവയില്‍ പലതും. എന്നാല്‍ തുണി ചുറ്റിയും കയറുചുറ്റിയും മറ്റും ആയുധങ്ങളുടെ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് എഫ് ഐആറില്‍ പറയുന്നു. അതിനാലാണ് മാരകായുധങ്ങള്‍ എന്ന വിഭാഗത്തില്‍പെടുത്തി കേസെടുത്തത്. എന്നാല്‍ വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികളെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയേയും പൊതു സമൂഹത്തേയും തെറ്റിദ്ധരിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.