നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. 

നിലയ്ക്കല്‍: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. നേരത്തെ പമ്പാ പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പൊലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് കണ്‍ട്രോള്‍ റൂം കൂടി തുറന്നിരിക്കുന്നത്. 

എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ശബരിമല പരിസരത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ട്. കാനനപാതയിലും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കാന്‍ ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് പൊലീസ്.

അതേസമയം, നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിലയ്ക്കലും പമ്പയിലും തങ്ങളുടെ നിരവധി പ്രവര്‍ത്തകരുടെണ്ടെന്നും ഇനിയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രകാശന്‍ പറഞ്ഞു. ഒരു യുവതിയേയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇന്നും നാളെയും ശബരിമലയില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

അതിനിടെ, ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്, താന്‍ മരക്കൂട്ടത്ത് വച്ച അക്രമിക്കപ്പെട്ടന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. രാവിലെ പൊലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് പോയ സുഹാസിനിയേയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും വിശ്വാസികള്‍ മരക്കൂട്ടത്ത് വച്ച് തടയുകയും തെറിവിളിക്കുകയും ചെയ്തിരുന്നു. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ സുഹാസിനി രാജ് മല പ്രതിഷേധത്തെ തുടര്‍ന്ന് മല കയറാതെ മടങ്ങുകയായിരുന്നു.