നടുവണ്ണൂര്‍ സ്വദേശിയായ റംഷീദയും മൂന്നു കുഞ്ഞുങ്ങളും രണ്ട് ദിവസമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് കഴിയുന്നത്. നട്ടെല്ലിന് രോഗം ബാധിച്ച് ഭര്‍ത്താവ് മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മോഷണക്കുറ്റം ആരോപിച്ച് പോലീസ് കഴിഞ്ഞമാസം തന്നെ അറസ്റ്റ് ചെയ്തെന്നും പിന്നീട് ജാമ്യത്തില്‍ വിട്ടെന്നും റംഷീദ പറയുന്നു. ഈ സംഭവത്തിന് ശേഷം ബാലുശേരി എസ്ഐ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നാണ് റംഷീദ പറയുന്നത്.

ഏറ്റവുമൊടുവില്‍ രണ്ട് ദിവസം മുന്‍പ് റംഷീദക്കെതിരെ ബന്ധുക്കളുടെ പരാതിയുണ്ടെന്നറിയിച്ച് വീണ്ടും വിളിച്ചെന്നും, സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റംഷീദ പറയുന്നു. ഭീഷണി ഭയന്ന് കുട്ടികളുമായി വീടുവിട്ടിറങ്ങുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യത്തിന് താന്‍ ചികിത്സ തേടിയതായും റംഷീദ പറയുന്നു

എസ്ഐക്കെതിരെ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുമെന്നും റംഷീദ അറിയിച്ചു അതേ സമയം സ്വത്ത് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന റംഷീദയുടെ അമ്മയുടേയും സഹോദരന്‍റെയും പരാതിയില്‍ താന്‍ അവരെ ഫോണില്‍ വിളിച്ചിരുന്നതായി ബാലുശേരി എസ്ഐ പറഞ്ഞു. സിസിടിവി തെളിവ് സഹിതമാണ് റംഷീദയെ നേരത്തെ മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്തതെന്നും എസ്ഐ പറഞ്ഞു