ആലപ്പുഴ: പണത്തിന് വേണ്ടി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടൊന്നും നമ്മുടെ പോലീസിനില്ല. ആലപ്പുഴ പുന്നപ്രയിലെ കപ്പക്കട എടിഎമ്മിനു മുന്നില്‍ ക്യൂ നിന്ന പതിനഞ്ചിലധികം
പേര്‍ നോക്കിനില്‍ക്കെ പുന്നപ്ര എസ്ഐ നേരെ വന്ന് പണമെടുത്ത് പോയി. ക്യൂ നിന്ന ജനങ്ങളെ വകവെയ്ക്കാതെ പണമെടുത്ത് കൊണ്ടുപോയതിന്‍റെ
ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസ് പുറത്ത് വിട്ടതിനെ തുടർന്ന അടിയന്തര നടപടിയെടുക്കാൻ എസ്പിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരക്കാണ് സംഭവം. മിക്ക എടിഎമ്മുകളും കാലിയായി കിടക്കുമ്പോള്‍ പുന്നപ്ര കപ്പക്കടയിലെ എടിഎമ്മില്‍ പണമെത്തി. പണത്തിന് ഏറെ വലയുന്ന ജനം എടിഎമ്മിന് മുന്നില്‍ ക്യൂ നിന്നു. പതിനഞ്ചിലധികം പേരുണ്ടായിരുന്നു. അതിനിടെയാണ് പുന്നപ്ര എസ്ഐ ഇഡി ബിജുവിന്‍റെ പോലീസ് ജീപ്പ് വന്ന് എടിഎമ്മിന് മുന്നിലെ റോഡില്‍ നിര്‍ത്തിയത്. എസ്ഐ നേരെ വന്ന് ക്യൂ നിന്ന ജനങ്ങളെയൊന്നും വകവെയ്ക്കാതെ എടിഎമ്മിന് മുന്നിലേക്ക്. എടിഎമ്മില്‍ ഉണ്ടായിരുന്ന ആള്‍ പുറത്തിറങ്ങിയ ഉടനെ എസ്ഐ കയറി. ഇറങ്ങിയതാവട്ടെ നാലുമിനിറ്റിന് ശേഷവും. അതായത് രണ്ടോ മൂന്നോ കാര്‍ഡുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സമയം എടിഎമ്മിനുള്ളില്‍ ചെലവഴിച്ച ശേഷം.

വന്നത് എസ്ഐ ആയതുകൊണ്ട് ക്യൂവില്‍ നിന്നവര്‍ക്കെല്ലാം എതിര്‍ക്കാന്‍ പേടിയായിരുന്നു. പക്ഷേ പണമെടുക്കാന്‍ എത്തിയ ഒരു നാട്ടുകാരന്‍ ഇത് മുഴുവന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഏഷ്യാനെറ്റ് ന്യൂസിനെ ഏല്‍പിച്ചു. പണത്തിന് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴായിരുന്നു നിയമപാലകരുടെ ഈ ക്രൂരത.