കൊച്ചി: കൊച്ചിയിൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർക്ക് പൊലീസിന്‍റെ ക്രൂരമർദ്ദനം. പരിക്കേറ്റ പനങ്ങാട് സ്വദേശി കൂളപ്പിൽപറമ്പിൽ നസീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നസീറിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ നിലപാട്.

എറണാകുളം നെട്ടൂർ മാർക്കറ്റിൽ ഓട്ടോ ഓടിക്കുകയാണഅ നസീര്‍. നെട്ടൂർ മാർക്കറ്റിലെ പഴക്കടയിലുണ്ടായ മോഷണത്തെ തുടർന്നാണ് പനങ്ങാട് പൊലീസ് നസീറിനെ കസ്റ്റഡിയിൽ എടുക്കുന്നത്. കടയുടെ സിസി ടിവി ക്യാമറിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യത്തോട് നസീറിന് സാദൃശ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് മോഷണം നടത്തിയെന്ന് സമ്മതിക്കാനായി പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് നസീറിന്‍റെ ഭാര്യ പറഞ്ഞു.

ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നസീറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കഞ്ചാവ് കൈവശം വച്ചതിനാണ് നസീറിനെ കസ്റ്റിഡിയിലെടുത്തതെന്നും പനങ്ങാട് പൊലീസ് അറിയിച്ചു.