ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് റിപ്പോർട്ട്.

സന്നിധാനം: ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ 26 ന് നിരോധനാജ്ഞ ദീർഘിപ്പിച്ച ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കില്ലെന്നാണ് സൂചന. എന്നാൽ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്. 

സന്നിധാനത്ത് അടക്കം ഇപ്പോൾ ഉള്ള നിയന്ത്രണം തുടരണമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം വാവര് നടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മാറ്റണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിതിഗതികൾ വിലയിരുത്തും. നാളെ മന്ത്രി വിളിച്ച അവലോകനയോഗം സന്നിധാനത്ത് നടക്കും. ഇതിൽ ഇക്കാര്യം അറിയിക്കുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡണ്ട്‌ അറിയിച്ചു.