കൊല്‍ക്കത്ത: ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ നാളെ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. സംഘടന നിര്‍ദ്ദേശിച്ച രണ്ട് സ്ഥലങ്ങളിലും റാലിയോ പൊതു സമ്മേളനമോ നടത്തരുതെന്ന് പൊലീസ് ഔദ്ദ്യോഗികമായി ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചു. മറ്റൊരു തീയ്യതിലേക്ക് പരിപാടി മാറ്റുന്നെങ്കില്‍ പുതിയ തീയ്യതിക്കായി അനുമതി തേടി വീണ്ടും അപേക്ഷ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ആര്‍.എസ്.എസ് നല്‍കിയ അപേക്ഷ കൊല്‍ക്കത്ത സിറ്റി പൊലീസ് നിരസിച്ചിരുന്നു. എന്നാല്‍ ഇത് സമാധാനപരമായി സംഘടിക്കാനുള്ള പൗരാവകാശത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സംഘടന ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വീണ്ടും പൊലീസിന് അപേക്ഷ നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇങ്ങനെ നല്‍കിയ രണ്ടാമത്തെ അപേക്ഷയും പൊലീസ് നിരസിക്കുകയായിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം പറയുന്നത്.
