മെക്സിക്കോ: പ്ലാസ്റ്റിക് ബോക്സിലാക്കി കൊറിയര്‍ അയച്ച കടുവക്കുഞ്ഞിന് തുണയായി പൊലീസ് നായ. മെക്സിക്കോയിലാണ് പ്ലാസ്റ്റിക് ബോക്സിലടച്ച നിലയില്‍ കൊറിയര്‍ പൊതികള്‍ക്കിടയില്‍ നിന്ന് പൊലീസ് നായ കടുവക്കുഞ്ഞിനെ കണ്ടെത്തിയത്. ബംഗാള്‍ കടുവ വിഭാഗത്തിലുള്ളതാണ് കുഞ്ഞ്. പോസ്റ്റ് ഓഫീസില്‍ നിന്നെത്തിയ കൊറിയറിലാണ് കടുവയെ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള കടുവക്കുഞ്ഞിനെയാണ് രക്ഷിച്ചത്.

വന്യമൃഗങ്ങളുടെ കള്ളക്കടത്ത് തടയാന്‍ കര്‍ശന പരിശോധന തുടങ്ങിയതോടെയാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നിഗമനം. കടുവക്കുഞ്ഞിനെ മയക്ക് മരുന്ന് നല്‍കിയാണ് ബോക്സിലടച്ചതെന്നാണ് സംശയം. നിര്‍ജലീകരണം നേരിട്ടെങ്കിലും കടുവക്കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ കാര്യമായ തകരാറില്ല. മെക്സിക്കന്‍ പൊലീസാണ് തങ്ങള്‍ക്ക് കൊറിയര്‍ കവറില്‍ കിട്ടിയ കടുവക്കുഞ്ഞിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. 

പോസ്റ്റ് ഓഫീസിലെ കൊറിയര്‍ കവറുകള്‍ക്കിടയില്‍ പരിശോധന നടത്തുകയായിരുന്ന സ്നിഫര്‍ ഡോഗാണ് ബോക്സിലെ അസാധാരണത്വം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. കൊറിയര്‍ അയച്ച ആള്‍ക്ക് വേണ്ടിയും ലഭിക്കേണ്ട വിലാസത്തിനെയും കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് മെക്സിക്കന്‍ പൊലീസ്.