അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതിപട്ടികയിലെ ആറുപേര്‍ എറണാകുളം നെട്ടൂർ സ്വദേശികളാണ്
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക്. ചില പ്രതികൾ കേരളം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലയാളി അടക്കമുളള പ്രതികളുടെ കാര്യത്തിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്.
മഹാരാജാസ് കോളജ് വിദ്യാർഥിയുടെ കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ പൊലീസിന് ആയിട്ടില്ല. ആദ്യം അറസ്റ്റിലായ മൂന്നുപേരെ മഹാരാജാസിലെ വിദ്യാർഥികൾ തന്നെയാണ് പിടിച്ച് പൊലീസിന് കൊടുത്തത്. കൃത്യത്തിൽ പങ്കെടുത്ത 15 പേരെ തിരിച്ചറിഞ്ഞെങ്കിലും ഭൂരിഭാഗം പേരും ഒളിവിൽത്തന്നെയാണുള്ളത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്ന് അവകാശപ്പെടുമ്പോഴും കൊലയാളിയാരെന്ന കാര്യത്തിൽ പോലും അന്വേഷണസംഘത്തിന് തീർച്ചയില്ല.
പ്രതികളിൽ ചിലർ കേരളം വിട്ടെന്ന വിവരങ്ങളെത്തുടർന്നാണ് അന്വേഷണം കുടക്, മൈസൂർ, മംഗലാപുരം എന്നിവടങ്ങളിക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. തങ്ങൾ പ്രതികൾക്ക് പിന്നാലെയുണ്ടെന്നും ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് ഭാഷ്യം. കൃത്യത്തിൽ പങ്കെടുത്ത ആറുപേർ എറണാകുളം നെട്ടൂർ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
എസ് ഡി പി ഐയ്ക്ക് സ്വാധീനമുളള മേഖലയാണിത്. ഒന്നാം പ്രതിയും മഹാരാജാസിലെ ക്യാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദ് അടക്കം എട്ടുപേർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇവർ രാജ്യം വിട്ടുപോകാതാരിക്കാനുളള മുൻ കരുതൽ നടപടികളുടെ ഭാഗമായിട്ടാണിത്. ഇതിനിടെ അസിസ്റ്റന്റ് കമ്മീഷണർമാരെയും സിഐമാരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.
