ഗവാസ്ക്കറെ എസ്എപി ക്യാമ്പിലേക്ക് മടക്കി അയച്ചു
തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപിയൊടൊപ്പം ജോലി ചെയ്തിരുന്ന ഡ്രൈവർ ഗവാസ്ക്കറിനെ എസ്എപി ക്യാമ്പിലേക്ക് മടക്കി അയച്ചു. ഗവാസ്ക്കറുടെ ആവശ്യ പ്രകാരമാണ് ക്യാമ്പിലേക്ക് മടക്കിയത്. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി.
വർക്കിംഗ് അറേഞ്ചുമെന്‍റിലാണ് ബറ്റാലയിൻ എഡിജിപിയൊടൊപ്പം ഡ്രൈവറായി ഗവാസ്ക്കർ ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് എഡിജിപിയുടെ മകളുടെ അടിയേറ്റ് ആശുപത്രിയിലായത്. ബറ്റാലിയന്‍ ആസ്ഥാനത്ത് തുടർന്നും ജോലി ചെയ്യാൻ താൽപര്യമില്ലെന്ന ഗവാസ്ക്കറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എസ്എപി ക്യാമ്പിലേക്ക് മടക്കികൊണ്ട് ഉത്തരവായത്.
അതേ സമയം ഗവാസ്ക്കറുടെ പരാതിയിൽ എഡിജിപിയുടെ മകളെ അറസ്റ്റു ചെയ്യാത്തിൽ അസ്വാഭാവികതയില്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുവേലയ്ക്കായി പൊലീകുകാരെയും ക്യാംപ് ഫോളവേഴ്സിനെ നിയമിക്കുന്നത് തടയണമെന്നാണ് തൃശൂര്‍ സ്വദേശിയായ പിഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
