ഗണേഷ് കുമാര്‍ എംഎല്‍എയെ സംരക്ഷിച്ച് പൊലീസ്, ഗുരുതര വകുപ്പുകളൊഴിവാക്കി

കൊല്ലം: അഞ്ചലിൽ അമ്മയേയും മകനെയും മർദ്ദിച്ചെന്ന കേസിൽ നിസാര വകുപ്പുകള്‍ ചുമത്തി കെബി ഗണേഷ് കുമാർ എംഎൽഎയെ രക്ഷിക്കാൻ പൊലീസിന്റെ നീക്കം. അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും പരാതിപ്പെട്ടിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ഒരു വകുപ്പും ചുമത്തിയിട്ടില്ല. ഗണേഷ് കുമാറിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും പൊലീസ് അനന്തകൃഷ്ണനെതിരെയും ചുമത്തിയിട്ടുണ്ട്. എംഎല്‍എ- ^പൊലീസ് ഒത്തുകളിക്കെതിരെ അനന്തകൃഷ്ണന്‍റെ അമ്മ വീണ്ടും രംഗത്തെത്തി.അതിനിടെ, രാഷ്ട്രീയത്തിൽ ആരോപണങ്ങൾ സാധാരണമാണെന്ന് കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.

സ്ത്രീകളെ അസഭ്യം പറഞ്ഞെന്നും ലൈംഗിക ചുവയോടെ അംഗവിക്ഷേപം കാണിച്ചെന്നും മൊഴി ലഭിച്ചാല്‍ ഐപിസി 354 അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന പൊലീസ് പക്ഷേ ഗണേഷ്കുമാറിന്‍റെ കാര്യത്തില്‍ കണ്ണടച്ചു. അനന്തകൃഷ്ണന്‍റെ അമ്മ സീന കൃത്യമായി മൊഴി നൽകിയിട്ടും ഇങ്ങനെയൊരു സംഭവം നടന്നതായി പൊലീസിന്‍റെ എഫ്ഐആറിൽ ഇല്ല. മകനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നിസാര വകുപ്പുകളാണ് ഗണേഷ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അത്രിക്രമങ്ങള്‍ തടയാനുള്ള വകുപ്പുകള്‍ മനപൂര്‍വ്വം ഒഴിവാക്കി. എംഎല്‍എ- പൊലീസ് ഒത്തുകളിക്കെതിര അനന്തകൃഷ്ണന്‍റെ അമ്മ വീണ്ടും രംഗത്തെത്തി

ഗണേഷ് കുമാറിനെതിരെ ചുമത്തിയ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൈയ്യേറ്റം തുടങ്ങിയ അതേ വകുപ്പുകളെല്ലാം എംഎല്‍എയുടെ തല്ലുവാങ്ങിയ അനന്തകൃഷ്ണനെതിരെയും ചുമത്തിയിട്ടുണ്ട്. കൂടാതെ അനന്തകൃഷ്ണൻ മാരാകായുധം കൈശവം വച്ചുവെന്ന് എഫ്ഐആറില്‍ എഴുതിച്ചേര്‍ത്തു. ഗണേഷിനെതിരെ കിട്ടിയ പരാതിയിൽ ആദ്യ കേസെടുക്കാതെ ഗണേഷിന്‍റെ പരാതി മണിക്കൂറുകൾക്ക് ശേഷം വാങ്ങി അതിൽ ആദ്യം കേസെടുത്തു തുടങ്ങിയ പൊലീസിന്‍റെ കള്ളക്കള്ളി ഇങ്ങനെ തുടരുമ്പോൾ സംഭവത്തിൽ ഇടപടെണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നീനയും മകനും പരാതി നൽകി.