കഴിഞ്ഞ ദിവസം മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥികള്‍ സഹപാഠിയുടെ ജന്മദിന ആഘോഷം സംഘടിപ്പിച്ചിരുന്നു. ആഘോഷത്തിനിടെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ മുട്ട വലിച്ചെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. പിന്നീട് ഇരു വിഭാഗമായി തിരിഞ്ഞ് കൊളേജിനുള്ളില്‍ അടിപിടി ഉണ്ടായി. രാവിലെ കോളേജിലെത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കോട്ടയം സ്വദേശി ശിവയെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. നാലാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചത്. പരുക്കേറ്റ ശിവയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.