അറളം കേസില്‍ യു.എ.പി.എ ചുമത്തിയാണ് മാധ്യമ പ്രവര്‍ത്തകന്‍ നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും, നദീറിനെതിരെ തെളിവുകളില്ലെന്നുമറിയിച്ച് പോലീസ് വിട്ടയച്ചിരുന്നു. കേസിലെ തുടര്‍നടപടികള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നദീര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് പോലീസ് മലക്കം മറിഞ്ഞത്. ആറളം ഫാമില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീറുമുണ്ടായിരുന്നെന്നും, ഇയാളെ ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ ആറാംപ്രതിയായ നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ഇരിട്ടി ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട, വ്യാജ ഏറ്റുമുട്ടല്‍ മുന്നണിയെന്ന സംഘടന രംഗത്തെത്തി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ ഉന്നയിച്ച ആവശ്യത്തിനെതിരെ സര്‍ക്കാര്‍ മുഖം തിരിച്ചുവെന്നാണ് ആക്ഷേപം. മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ സംസ്കാരത്തിനിടെ സഹോദരന്‍ ശ്രീധറിനെ അപമാനിച്ചുവെന്നുകാട്ടി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രേംദാസിനെതിരെ, സംഘടന പോലീസ് കംപ്ലയിന്‍റ് അഥോറിറ്റിക്ക് പരാതിയും നല്‍കി. പോലീസ് ആക്ട് ലംഘിച്ചാണ് പ്രേംദാസ് പെരുമാറിയതെന്നും നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.