കൊല്ലം: ചവറ എംഎല്‍എ വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരായ മറ്റൊരു കേസിലും പൊലിസിന്‍റെ കള്ളക്കളി. 36 ലക്ഷം രൂപ തട്ടിയെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ബിജോയ് കെ ജോസഫ് നല്‍കിയ പരാതി അന്വേഷിക്കേണ്ടതില്ലെന്നാണ് ചവറ പൊലീസിന്‍റെ തീരുമാനം. പരാതിക്കാരനെ നേരിട്ട് കണ്ട് മൊഴി എടുക്കാൻ സാധിച്ചില്ലെന്നാണ് വിശദീകരണം.

ദുബായില്‍ ട്രാവല്‍ ടൂറിസം മേഖലയില്‍ ജോലിചെയ്യുകയായിരുന്ന ബിജോയും നഴ്സായ ഭാര്യയും പുതിയ ബിസിനസ് സംരഭത്തിനായി വായ്പയെടുത്ത മുപ്പത്തിയാറു ലക്ഷം രൂപ ശ്രീജിത്ത് കൈക്കലാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജോയുടെ പരാതിയില്‍ ദുബായ് പൊലീസ് ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു.ദുബായില്‍ നിന്നും കേരളത്തിലേക്ക് മുങ്ങിയതിനെത്തുടര്‍ന്ന് ശ്രീജിത്തിനെതിരെ ബിജോയ് ചവറ പൊലീസില്‍ പരാതി നല്‍തി.

2016 മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം വേണ്ടെന്നാണ് ചവറ പൊലിസിന്‍റെ തീരുമാനം.അന്വേഷണം വേണ്ടെന്ന് കാണിച്ച് ചവറ സിഐ കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പാണിത്.അന്വേഷണത്തില്‍ വാദിയെ കാണാൻ സാധിച്ചില്ല.എതിര്‍ കക്ഷിയായ ഇടത് എംഎല്‍എയുടെ മകനെ കണ്ടപ്പോള്‍ പണമിടപാട് ഇല്ലെന്നാണ് പറ‍ഞ്ഞത്.അതിനാല്‍ കേസ് അന്വേഷിക്കുന്നില്ല. ഇങ്ങനെയൊക്കെയാണ് സിഐയുടെ ന്യായീകരണങ്ങള്‍.

പരാതിക്കാരന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കത്തില്‍ പറയുന്നു.ഈ പരാതിയെക്കുറിച്ച് അറിയാമോ എന്ന് എംഎല്‍എ വിജയൻപിള്ളയോട് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.നേരത്തെ തനിക്ക് 11 കോടി രൂപ ശ്രീജിത്ത് തരാനുണ്ടെന്ന് കാണിച്ച് രാഹുല്‍ കൃഷ്ണൻ ചവറ പൊലിസില്‍ നല്‍കിയ പരതായിലും പൊലിസിന്‍റെ സമീപനം സമാനമായിരുന്നു