തെളിവെടുപ്പിനിടെ പ്രതികളെ കൂകി വിളിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു
കോട്ടയം: കെവിനെ റോഡില് നിന്ന് താഴേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും. കെവിന് അവശനായിരുന്നുവെന്നും ഉരുണ്ട് താഴെപ്പോയെന്നും പ്രതികള് പൊലീസിനോട് പറഞ്ഞു. ചാലിയേക്കരയില് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതികളുടെ വെളിപ്പെടുത്തല്.
തെളിവെടുപ്പിനിടെ പ്രതികളെ കൂകി വിളിച്ച് നാട്ടുകാര് പ്രതിഷേധിച്ചു. തെന്മലയ്ക്കു സമീപമുളള ഈ ചാലിയേക്കര പുഴയിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കെവിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നു. മുങ്ങിമരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് സ്ഥിരീകരിച്ചെങ്കിലും അസ്വഭാവിക മരണത്തിനുള്ള സാധ്യതകള് തള്ളിക്കളയാന് കഴിയില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു. കെവിന്റെ ശരീരത്തിലെ മുറിവുകള് സംശയം വര്ദ്ധിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ടില് വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കല് ബോര്ഡിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമുള്ളത്.
കെവിന്റെ ശ്വാസകോശത്തിന്റെ ഒരു പാളിയില് നിന്ന് 150 മില്ലിലിറ്ററും അടുത്തതില് നിന്ന് 120 മില്ലിലിറ്റര് വെള്ളവും ലഭിച്ചതാണ് സംഭവം മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാല് പുഴയില് വീഴുമ്പോള് കെവിന് ബോധമുണ്ടായിരുന്നോയെന്ന കാര്യത്തെ കുറിച്ചാണ് ഇനിയും വ്യക്തത വരാനുള്ളത്. നിലവില് മുങ്ങിമരണം അല്ലെങ്കിൽ അബോധാവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.
മരണത്തിലേക്ക് നയിക്കാന് സാധ്യതയില്ലാത്ത 16 മുറിവുകളാണ് കെവിന്റെ ശരീരത്തില് ഉള്ളത്. കെവിന്റെ നെഞ്ചിലോ അസ്ഥികള്ക്കോ ഒടിവുകളോ ചതവുകളോ പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്താന് സാധിച്ചില്ല.എന്നാല് കണ്ണിന്റെ മുകളിലേറ്റ ക്ഷതം, മുഖത്തിടിച്ചതില് നിന്നുണ്ടായതാകം. ഈ ക്ഷതത്തോടെ കെവിന് ബോധരഹിതനാകാനുള്ള സാധ്യതകള് തള്ളിക്കളയാനാകില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു.
