ഗുണ്ടാനേതാവ് അപ്രാണി കൃഷ്ണകുമാറിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയായ സുരേഷ് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സുരേഷിനെ വിചാരണ തുടങ്ങിയെങ്കിലും പൊലീസിന് പിടികൂടാനായില്ല. ആദ്യഘട്ട വിചാരണ പൂര്‍ത്തിയായ ശേഷം, വളരെ നാളത്തെ അന്വേഷണത്തിനൊടുവില്‍ മൈസൂരില്‍ നിന്നാണ് ഒടുവില്‍ സുരേഷ് പിടിയിലായത്. ജീവപര്യന്തത്തിന് ശിക്ഷിച്ച കോടതി, സുരേഷിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അയച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനകായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കേ സുരേഷ് പരോളിന് അപേക്ഷ നല്‍കി. ഒട്ടേറെ കേസുകളില്‍ പ്രതിയായ സുരേഷ് പരോളിലിറങ്ങിയാല്‍ മുങ്ങാന്‍ സാധ്യത ഏറെയായിട്ടും തുമ്പ എസ്ഐ സുരേഷിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം.
സുരേഷിനെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിന് ഇതില്‍ അതൃപ്തിയുണ്ട്. സുരേഷ് പുറത്തിറങ്ങിയാലും കേസിന് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ജയില്‍ ഡിജിപി സുരേഷിന് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. തുമ്പ സ്റ്റേഷനില്‍ ദിവസവും ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് പരോള്‍ അനുവദിച്ചതെങ്കിലും, ഒരാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ സുരേഷ് ഇതുവരെ ഹാജരായിട്ടില്ല. തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ കുടിപ്പകയും അക്രമവും തുടങ്ങിയ സാഹചര്യത്തില്‍, ശിക്ഷിക്കപ്പെട്ട ഗുണ്ടാനേതാവിനെ പുറത്തിറക്കാന്‍ സഹായിച്ച പൊലീസ് റിപ്പോര്‍ട്ടില്‍, സേനയ്‌ക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
