ഇവർക്ക് ലഭിച്ച തെളിവുകൾ റെയി‍ഡിന് മുമ്പ് തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കൈമാറിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പിന്നീടറിയാൻ സാധിച്ചില്ല. രാജീവ് ​ഗാന്ധിയെ വധിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു എന്നായിരുന്നു അറസ്റ്റിലായവർക്കെതിരെ ഉയർന്ന മറ്റൊരു ​ഗുരുതര ആരോപണം. 

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ എൽ​ഗാർ പരിഷത്ത് എന്ന പരിപാടിയോട് അനുബന്ധിച്ച് നടന്ന സംഭവത്തിൽ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തകരും ദളിത് ആക്റ്റിവിസ്റ്റുകളുമായ അഞ്ച് പേർക്കെതിരെ തെളിവുണ്ടെന്ന് പൊലീസ്. ഇവർ നടത്തിയ ​ഗൂഢാലോചനയെക്കുറിച്ച് തെളിവ് ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് എന്നാണ് പൊലീസിന്റെ വാദം. എന്നാൽ എന്തിന് വേണ്ടിയാണ് ​ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

അറസ്റ്റ് നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഇവർ പൂനെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് പൊലീസിന്റെ വാദം. ഇവർക്ക് ലഭിച്ച തെളിവുകൾ റെയി‍ഡിന് മുമ്പ് തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കൈമാറിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പിന്നീടറിയാൻ സാധിച്ചില്ല. രാജീവ് ​ഗാന്ധിയെ വധിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു എന്നായിരുന്നു അറസ്റ്റിലായവർക്കെതിരെ ഉയർന്ന മറ്റൊരു ​ഗുരുതര ആരോപണം. 

പത്ത് പേരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അന്വേഷിക്കുന്നത്. അതിൽ അഞ്ചുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യപ്രവർത്തകനായ അരുൺ ഫേരേരി, ​ഗൗതം നവലേഖ, എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവു, വെർണോൻ ​ഗോൺസാൽവസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ മാസത്തിൽ പൂനെയിലെ ഭീമ കൊറേ​ഗാവിൽ ദളിതുകളും ഉയർന്ന ജാതിക്കാരും തമ്മിൽ നടന്ന സംഭവത്തിൽ അക്രമം അഴിച്ചുവിട്ടത് ഇവരാണെന്ന് പൊലീസ് പറയുന്നു.

രാജ്യത്തെ മുപ്പത്തഞ്ചോളം യൂണിവേഴ്സിറ്റികളിൽ ഇവരുടെ മുന്നേറ്റം ശക്തമാക്കാൻ നിരവധി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. ഇന്ത്യയിലുടനീളം അധ്യാപകരും വിദ്യാർത്ഥികളുമായി ഇവർ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ആപ്പുകളിലൂടെയും സോഷ്യൽ മീഡിയ വഴിയുമാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ഇവരുടെ സാമ്പത്തിക ഉറവിടമായി പ്രവർത്തിച്ചിരുന്നത് വരവര റാവും ആണെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. ​ഗൗതം നവലേഖയാണ് കാശ്മിരിലെ തീവ്ര നക്സലൈറ്റ്സുമായി ബന്ധപ്പെടാൻ മാധ്യമമായി പ്രവർത്തിച്ചത്. സുധാ ഭരദ്വാജും അരുൺ ഫേരേരയുമാണ് ഇവർക്കാവശ്യമായ നിയമസഹായങ്ങൾ നൽകിയിരുന്നതെന്നും പൊലീസ് ആരോപിക്കുന്നു.

ആശയവിനിമയത്തിന് ഇവർ കോഡ് ഭാഷയാണ് ഉപയോ​ഗിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഇവരിൽ നിന്നും ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ, ലാപ്ടോപ്, എന്നിവയെല്ലാം പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവരുടെ ബന്ധുക്കളെയും ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു. അതുപോലെ ഇമെയിലും ഫോണും ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.