ആര്‍സിസിയില്‍ ചികിത്സയ്ക്ക് വന്നുവെന്നാണ് സ്ത്രീകള്‍ നല്‍കിയ മൊഴി. പക്ഷെ ഇതുവരെ ചികിത്സ തേടിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരായ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ 5 പേരെ നാളെ കോടതിയില്‍ ഹാജരാക്കും. പിടിയിലായവരില്‍ യുഎപിഎ ചുമത്തിയ പ്രതികളും ഉള്‍പ്പെടും. സംഭവത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ആറിനാണ് സംഭവം . ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മംഗലാപുരം സ്വദേശികളായ 2 സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് കേസ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് സത്രീകളെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ ശ്രമിച്ചത്. ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുന്നതിനിടെ കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിസാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പിടിയിലായ അഞ്ചുപേരും ആലുവ സ്വദേശികളാണ്. എല്ലാം ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ്.

ആര്‍സിസിയില്‍ ചികിത്സയ്ക്ക് വന്നുവെന്നാണ് സ്ത്രീകള്‍ നല്‍കിയ മൊഴി. പക്ഷെ ഇതുവരെ ചികിത്സ തേടിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. സ്ത്രീകള്‍ക്ക് സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പിടിയിലായ 5 പേരില്‍ അനസിനെതിരെ 16 കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഉണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.