ഉണ്ണിക്കുട്ടൻ വധക്കേസിലെ കൂട്ടുപ്രതിയും തീവ്രവാദക്കേസുകളിലെ പ്രതിയുമായ അനസിനെയും മംഗലാപുരത്തുവെച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ ഇയാൾ ദിവസങ്ങൾക്കുമുമ്പ് ജാമ്യത്തിലിറങ്ങിയെന്ന് അവിടെത്തിയപ്പോഴാണ് പൊലീസ് അറിഞ്ഞിത്.

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് ജയിലിൽ കഴിയുന്ന ഹവാലാ റാക്കറ്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പെരുമ്പാവൂർ സ്വദേശി ഉണ്ണിക്കുട്ടന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലുളള പ്രതികളിൽ നിന്നാണ് വിവരങ്ങൾ തേടുന്നത്. ബ്യൂട്ടി പാർലർ വെടിവയ്പിനായി മംഗലാപുരം കേന്ദ്രീകരിച്ചുളള സംഘത്തെയാകാം മുംബൈ അധോലോക കുറ്റവാളി രവി പൂജാരി നിയോഗിച്ചതെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം.

മംഗലാപുരത്തെ ഉണ്ണിക്കുട്ടൻ വധക്കേസിലെ പ്രതി ഔറംഗസേബിനെയാണ് കൊച്ചി സിറ്റി പൊലീസ് ബ്യൂട്ടി പാർലർ വെടിവയ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. മംഗലാപുരത്തെ ജയിലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ഹവാല റാക്കറ്റുകൾ തമ്മിലുളള കുടിപ്പകയെത്തുടർന്നാണ് ഉണ്ണിക്കുട്ടന്‍ കൊല്ലപ്പെട്ടത്. ഉടുപ്പി സ്വദേശിയായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മംഗലാപുരത്തെ ഇടനിലക്കാരെ ഉപയോഗിച്ചാണ് അടുത്തകാലത്തായി ഇടപാടുകൾ നടത്തുന്നത്. 

നടി ലീന മരിയ പോളിന്‍റെ പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിലും വെടിവയ്പ് നടത്തിയത് രവി പൂജാരി തന്നെയെന്ന് ഉറപ്പിച്ച പശ്ചാത്തലത്തിലാണ് മംഗലാപുരത്തെ ഈ അന്വേഷണം. പ്രാദേശിക പിന്തുണയോ അറിവോ കൂടാതെ ഇത്തരം കൃത്യം നടത്താനാകില്ല എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. ഈ പശ്ചാത്തലത്തിലാണ് മംഗലാപുരത്തെ ഹവാലാ, സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനിയായ ഔറംഗസേബിനെ ചോദ്യം ചെയ്യുന്നത്. 

ഉണ്ണിക്കുട്ടൻ വധക്കേസിലെ കൂട്ടുപ്രതിയും തീവ്രവാദക്കേസുകളിലെ പ്രതിയുമായ അനസിനെയും മംഗലാപുരത്തുവെച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ ഇയാൾ ദിവസങ്ങൾക്കുമുമ്പ് ജാമ്യത്തിലിറങ്ങിയെന്ന് അവിടെത്തിയപ്പോഴാണ് പൊലീസ് അറിഞ്ഞിത്. അനസിനേയും കണ്ടെത്താനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊച്ചി പൊലീസ് മിടുക്കരാണെങ്കിൽ വെടിയുതിർത്തവരെ കണ്ടെത്തെട്ടേയെന്ന് രവി പൂജാരി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.