ശബരിമല: ശബരിമലയില്‍ തിരിച്ചറിയല്‍രേഖകളില്ലാതെ ജോലി ചെയ്യുന്ന താത്കാലികജീവനക്കാരെ സന്നിധാനത്തുനിന്നും പിടികൂടാന്‍ പൊലീസ് നീക്കം ഊര്‍ജ്ജിതമാക്കി. ബാബറി ദിനം മുന്‍നിര്‍ത്തി സുരക്ഷ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ നീക്കം.

സന്നിധാനത്തെ കടകളിലും ഹോട്ടലുകളിലും തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ മണ്ഡലക്കാലത്ത് നിരവധിപേരാണ് ശബരിമലയിലെത്തുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വരുന്നത് തടയാന്‍ പൊലീസിന്റെ സമ്മതപത്രം ഹാജരാക്കുന്നവര്‍ക്കേ ജോലി നല്‍കാവൂ എന്നാണ് ചട്ടം. ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. ഇതൊന്നും പാലിക്കാത്തവരെ തെരഞ്ഞുപിടിക്കുകയാണ് സന്നിധാനം പൊലീസ് ഇപ്പോള്‍. കണ്ടെത്തുന്നവരെ സന്നിധാനത്തുനിന്നും തിരിച്ചയക്കും.

ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ സന്നാഹങ്ങളാണ് സന്നിധാനത്ത് ഒരുക്കുന്നത്. സന്നിധാനത്ത് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെയ്ക്കണമെന്നും വിശദമായ പരിശോധനകള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിക്കുന്നുണ്ട്.