മലപ്പുറം: പട്ടാളക്കാര്‍ ഉപയോഗിക്കുന്ന മൈനുകളും വെടിയുണ്ടകളും കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിന് താഴെ പൊലീസ് പരിശോധന നടത്തുന്നു. ക്ലെമോര്‍ വിഭാഗത്തില്‍പ്പെട്ട പഴക്കമേറിയ കുഴിബോംബുകളാണ് ആദ്യം ഇവിടെ നിന്ന് കണ്ടെത്തിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ സെമി ഓട്ടോമാറ്റിക് തോക്കുകളില്‍ ഉപയോഗിക്കുന്ന തിരകകളും മൈനുകളുടെ ബാഗുകള്‍, ടാങ്കുകളും മറ്റും ചെളിയില്‍ താഴ്ന്നുപോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഷീറ്റുകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്തി. തുടര്‍ന്നാണ് വിദഗ്ദരുടെ സഹായത്തോടെ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തോടു ചേര്‍ന്ന ഭാഗത്തെ വെള്ളം വറ്റിച്ച് പരിശോധന നടത്തുന്നത്. 

സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള 440 വെടിയുണ്ടകളാണ് ഇന്നലെ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്തിലുള്ള പൊലീസ് കണ്ടെടുത്തത്. പ്രദേശവാസികളായ യുവാക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. സൈന്യം ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കിയ വസ്തുക്കളാണിവയെന്നാണ് സൂചന. കണ്ടെടുത്ത വസ്തുക്കള്‍ പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും സൈന്യത്തിന്റേതുള്‍പ്പെടെയുള്ള അന്വേഷണ സംഘം ഇത് പരിശോധിക്കും. പുഴയില്‍ വേറെയും ആയുധങ്ങളുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധനയും തുടരാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ ഇവിടെ എത്തിച്ചത് ആരാണെന്ന് കണ്ടെത്താന്‍ വിവിധ സാധ്യതകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണവും ഇതൊടൊപ്പം പൊലീസ് നടത്തുന്നുണ്ട്.