തിരുവനന്തപുരം:  ഇന്നലത്തെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1718 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്ന് വൈകിട്ട് വരെയുളള കണക്കനുസരിച്ച് 1108 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 1009 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പൊലീസ് ഇൻഫർമേഷൻ സെന്‍ററിന്‍റെ പത്രക്കുറിപ്പിലാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.   

വിവിധ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 135 പോലീസുദ്യോഗസ്ഥരും 129 പൊതുജനങ്ങളും 10 മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 274 പേര്‍ക്ക് പരിക്കേറ്റതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. തിരുവനന്തപുരം റൂറല്‍ പൊലീസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റത് . 26 പൊലീസ് ഉദ്ധ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. പാലക്കാട് 24 പേര്‍ക്കും മലപ്പുറത്ത് 13 പേര്‍ക്കും കൊല്ലം റൂറല്‍, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ 12 പേര്‍ക്ക് വീതവും പരിക്കേറ്റു.  പൊതുജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പരിക്കേറ്റത് പത്തനംതിട്ട ജില്ലയിലാണ് . 18 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.  കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ 17 പേര്‍ക്ക് വീതം പരിക്കേറ്റു.  കാസര്‍ഗോഡ് നാലും തൃശ്ശൂര്‍ റൂറല്‍, കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളില്‍ രണ്ടും വീതം മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ശബരിമലയില്‍ തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടനം പുരോഗമിക്കുകയാണ്.  തീര്‍ത്ഥാടനത്തിന് എത്തുന്ന എല്ലാവര്‍ക്കും പൊലീസ് മതിയായ സുരക്ഷ ലഭ്യമാക്കുന്നുണ്ട്.  സംസ്ഥാനത്തെങ്ങും പൊലീസ് തികഞ്ഞ ജാഗ്രത പുലര്‍ത്തിവരുന്നു. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ തുടരും. അക്രമം അമര്‍ച്ചചെയ്യാനും സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാനും എല്ലാ നടപടികളും പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.