കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ഗുരുതര ആരോപണവുമായി ദിലീപ്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്നത് ചോദ്യം ചെയ്ത് ദിലീപ് കോടതിയെ സമീപിച്ചു. കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വന്നു എന്നതാണ് ഹര്‍ജിയില്‍ പ്രധാനമായും ദിലീപ് ഉന്നയിക്കുന്നത്.
കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പൊലീസിന്‍റെ ഗൂഡനീക്കമാണെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നുണ്ട്. അതേസമയം, തന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്‍റിന്‍റെ ദുബായ് ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്പോര്‍ട്ട് വാങ്ങി. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ദിലീപിന്‍റെ ഒപ്പമുണ്ട്.
യാത്രയില്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ സാദ്ധ്യതയുള്ളതായി പോലീസ് കരുതുന്നതിനാല്‍ ദിലീപിന്‍റെ വിദേശയാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.
