ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് പൊലീസുകാരന്‍ ചവിട്ടിവീഴ്ത്തി ഗർഭിണി മരിച്ച സംഭവത്തിൽ ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ അറസ്റ്റില്‍ തമിഴ്‌നാട്ടിലെ തുവക്കുടിയില്‍ തിരുച്ചി- തഞ്ചാവൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം

ചെന്നൈ: തമിഴ്നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ദമ്പതികൾ സഞ്ചരിച്ച ബൈക്കില്‍ ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഗർഭിണി മരിച്ച സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ കാമരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തുവക്കുടിയില്‍ തിരുച്ചി- തഞ്ചാവൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം.

മൂന്ന് മാസം ഗർഭിണിയായ തഞ്ചാവൂർ സ്വദേശി ഉഷ (31) ബൈക്കില്‍ ഭർത്താവ് രാജയുടെ കൂടെ യാത്ര ചെയ്തുന്നതിനിടെയായിരുന്നു പൊലീസിന്‍റെ പരാക്രമം. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ, പൊലീസ് കൈകാണിച്ചപ്പോള്‍ നിർത്താതെ പോയി. തുടർന്ന് മറ്റൊരു ബൈക്കില്‍ പിന്തുടർന്ന് വന്ന കാമരാജ് എന്ന പൊലീസുകാരൻ ഇവരുടെ സ്കൂട്ടർ ചവിട്ടി വീഴ്ത്തി. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഭർത്താവ് രാജ ചികിത്സയിലാണ്. 

തന്റെ ഭാര്യയെ അയാൾ കൊന്നതാണ്. ട്രാഫിക് പൊലീസ് ആദ്യം ഞങ്ങളെ പോവാൻ അനുവദിച്ചിരുന്നു. എന്നാൽ ആ ഉദ്യോഗസ്ഥൻ ഞങ്ങളെ പിന്തുടർന്ന് ബൈക്കിന് ചവിട്ടുകയായിരുന്നു. തുടർന്നുള്ള വീഴ്ചയിലാണ് ഭാര്യ മരണപ്പെട്ടതെന്ന് ഭർത്താവ് രാജ മാധ്യമങ്ങളോട് പറഞ്ഞു. ഹെൽമെറ്റ് ധരിക്കാത്തത് കൊണ്ടാണ് അയാൾ ഞങ്ങളെ പിന്തുടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചു. സംഘർഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിൽ ട്രാഫിക് പൊലീസ് ഇൻസ്പെക്ടർക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ഫിഷറിസ് വകുപ്പ് മന്ത്രി ഡി.ജയകുമാർ പറഞ്ഞു.