സിവിൽ പോലീസ് ഓഫീസർ അജേഷിനാണ് ദാരുണ അന്ത്യം ഉണ്ടായത്
കോട്ടയം: കോട്ടയത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ചു. മദ്യപിച്ച് അപകടകരമാം വിധം ബൈക്കോടിച്ച നട്ടാശേരി സ്വദേശി ഫെമിലിനെ കസ്റ്റഡിയിലെടുത്തു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷിനാണ് ഡ്യൂട്ടിക്കിടെ ദാരുണ അന്ത്യം ഉണ്ടായത്.
നാഗമ്പടം ബസ് സ്റ്റാൻഡിന് മുൻപിൽ പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. മദ്യപിച്ച് അലക്ഷ്യമായി ബൈക്കോടിച്ച യുവാവിനെ തടയുന്നതിനിടെയാണ് അപകടമുണ്ടായത്. അജേഷിനെ അമിത വേഗതയിൽ ആഢംബര ബൈക്കിലെത്തിയ യുവാവ് ഇടിച്ചു തെറിപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു പൊലീസുകാരൻ ഓടി മാറിയെങ്കിലും കാലിൽ ശസ്ത്രക്രിയ നടത്തിയതിനാൽ അജേഷിന് ഓടാനായില്ല.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അജേഷിന്റെ തല സമീപത്തെ കലുങ്കിൽ ഇടിക്കുകയായിരുന്നു. അജേഷ് തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രികനും അപകടത്തിൽ നിസാര പരിക്കേറ്റു. പോസ്റ്റ്മോർട്ടം നടപടിികൾക്ക് ശേഷം മൃതദേഹം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
