തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് ചവിട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മഹിജയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ സമരം അനുവദിക്കില്ലെന്ന പോലീസ് നിലപാടാണ് ബന്ധുക്കളും പോലീസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. സമാധാനപരമായി സമരം ചെയ്യുമെന്ന് അറിയിച്ച ജിഷ്ണുവിന്റെ ബന്ധുക്കളെ പോലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതിനിടെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. ഇതിനിടെയാണ് പോലീസ് ചവിട്ടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. മഹിജയുടെ ആരോഗ്യനില മോശമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമരത്തിനെത്തുന്നതിന് മുമ്പ് തന്നെ മഹിജയ്ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. പോലീസ് വലിച്ചിഴയ്ക്കുന്നതിനിടെ മഹിജയുടെ കൈയ്ക്ക് പരിക്കേറ്റുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രിയിലെത്തിച്ച മഹിജയെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ സന്ദര്‍ശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
