ചൂഷണം ചെയ്തത് മിഠായികള്‍ നല്‍കി മോഹിപ്പിച്ച് ഒരുവര്‍ഷമായി ചൂഷണത്തിനിരയാക്കി

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഏഴുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തത് മിഠായികള്‍ നല്‍കി മോഹിപ്പിച്ച്. വ്യാഴാഴ്ചയാണ് പൊലീസുദ്യോഗസ്ഥന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ബാഹുലേയനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മൂന്നാംക്ലാസുകാരിയായ കുട്ടിയെ ബാഹുലേയന്‍ നിരന്തരമായി മിഠായികള്‍ സമ്മാനമായി ലൈംഗിക ചൂഷണത്തിനരയാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റെ ചുമതലയായിരുന്നു ബാഹുലേയന്. ബസില്‍വച്ചും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു.

ചൂഷണത്തിനരയായ പെണ്‍കുട്ടിയും ഇയാളും പോലീസ് ക്വാര്‍ട്ടേസിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസം. നാല്‍പ്പത്തഞ്ച് വയസുള്ള ഇയാള്‍ കുട്ടിയെ ഒരുവര്‍ഷമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കുട്ടി പതിവായി മിട്ടായിയുമായി വീട്ടിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിംഗിലും കുട്ടി ചൂഷണ വിവരം അധ്യാപകരോട് വെളിപ്പെടുത്തി. ബാഹുലേയനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.