ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി
ആലപ്പുഴ: പൊലീസ് സ്‌റ്റേഷനില്‍ കേസിന്‍റെ കാര്യം അന്വേഷിക്കാനെത്തിയ വനിതാ ജനപ്രതിനിധിയെ എസ്ഐ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. സിപിഐ എം നേതാക്കളായ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശോഭാരാജുവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി രാജുവും ശോഭയുടെ അയല്‍വാസിയായ മനു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതറിഞ്ഞാണ് സ്‌റ്റേഷനില്‍ എത്തിയത്.
പോലീസിന്റെ അനുവാദത്തോടെ സെല്ലില്‍ കിടക്കുന്ന മനുവിനോട് ആഹാരം കഴിച്ചോ എന്ന് ശോഭ ചോദിച്ചു. ഇതിനിടയില്‍ സ്‌റ്റേഷനിലേക്ക് കയറിവന്ന എസ്‌ഐ ജിജിന്‍ ജേക്കബ് ശോഭയോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രാജുവിനെ എസ്‌ഐ, അസഭ്യം പറയുകയും പട്ടികജാതിക്കാരനെന്ന് അറിഞ്ഞു കൊണ്ടു തന്നെ ജാതി വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ഇടപെട്ടതു കൊണ്ട് മാത്രമാണ് ഇരുവരും മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെട്ടത്. എസ്‌ഐമാരെ മൂലയ്ക്കിരുത്തിയ സര്‍ക്കാരിനോട് പോയി പരാതി പറഞ്ഞാല്‍ മതി, ഇവിടെ വന്ന് പറയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. ജനപ്രതിനിധികളാണെന്നു പറഞ്ഞപ്പോള്‍ കൂടുതല്‍ മോശമായി എസ്‌ഐ പ്രതികരിച്ചു. കുറ്റക്കാരനായ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും ഇരുവരും പരാതി നല്‍കി.
