ഒന്നാം പ്രതി സെബാസ്റ്റ്യനെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി വ്യാജ രേഖകളുണ്ടാക്കിയവരാണ് പിടിയിലാവുന്നത് ആള്‍മാറാട്ടം നടത്തി സ്വത്ത് രജിസ്റ്റര്‍ ചെയ്ത് വിറ്റിരുന്നു
ആലപ്പുഴ: ചേര്ത്തലയില് കോടികളുടെ സ്വത്തിനുടമയായിരുന്ന കടക്കരപ്പള്ളി പത്മ നിവാസില് ബിന്ദു പത്മനാഭനെ കാണാതായ സംഭവത്തില് അന്വേഷണം കൂടുതൽ പേരിലേക്ക്. ബിന്ദുവിന്റെ പേരില് വ്യാജ ഡ്രൈവിംഗ് ലൈസന്സ് സംഘടിപ്പിപ്പിക്കാൻ സഹായിച്ച ചേര്ത്തല സ്വദേശി തങ്കച്ചനെ പിടികൂടി. തമിഴ്നാട് സ്വദേശികളായ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി പള്ളിപ്പുറം ചങ്ങത്തറ സി എം സെബാസ്റ്റ്യനെ (57) ചേര്ത്തല കോടതിയില് ഹാജരാക്കി. ബിന്ദു പത്മനാഭനെ കാണാതായ സംഭവത്തില് സെബാസ്റ്റ്യന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. വ്യാജരേഖ നിര്മാണവുമായി ബന്ധപ്പെട്ട് ഇയാളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില് വേണമെന്ന് ആവശ്യപ്പെട്ട് ചേര്ത്തല ഡിവൈഎസ്പി എ ജി ലാല് കോടതിയില് അപേക്ഷ നല്കിയിട്ടുണ്ട്. വ്യാജ പവര് ഓഫ് അറ്റോര്ണി അടക്കമുള്ള രേഖകള് സെബാസ്റ്റിയന് നിര്മിച്ചതുമായി ബന്ധപ്പെട്ട് കൂടുതല് ശാസ്ത്രീയ പരിശോധനകള് നടത്തേണ്ടതുണ്ടെന്ന് അപേക്ഷയില് വ്യക്തമാക്കുന്നു. എന്നാല്, ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാള്ക്ക് നേരിട്ട് പങ്കില്ലെന്നാണ് ആലപ്പുഴയിലെ അന്വേഷണ സംഘങ്ങളായ ക്രൈംബ്രാഞ്ചും നര്കോട്ടിക് സെല് വിഭാഗവും പറയുന്നത്. ഇത് സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില് നിന്ന് വ്യക്തമാകുകയും ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ബിന്ദു ജീവിച്ചിരുന്നു എന്നതിന് തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില് അന്വേഷണ സംഘം ബിന്ദുവിന്റെ പുതിയ ചിത്രം ഇന്നലെ പുറത്തുവിട്ടു. 2005ല് ആലപ്പുഴ ജില്ലാ ട്രഷറിയില് കുടുംബ പെന്ഷനായി നല്കിയ അപേക്ഷയില് പതിപ്പിച്ച ചിത്രമാണ് ഇത്. ചേര്ത്തല സബ് ട്രഷറിയിലായിരുന്ന കുടുംബ പെന്ഷന് 2005 നവംബറിലാണ് ആലപ്പുഴയിലേയ്ക്ക് മാറ്റിയത്. പൊലീസ് ആദ്യമിറക്കിയ ലുക്കൗട്ട് നോട്ടീസിലും പത്ര മാധ്യമങ്ങളിലും ഉള്പ്പടെ വന്നിരുന്നത് 1992ല് സഹോദരന് പ്രവീണ്കുമാറിന്റെ വിവാഹ ചടങ്ങിടെ എടുത്ത ചിത്രമായിരുന്നു. ബിന്ദുവിന് അന്ന് 21 വയസായിരുന്നു.13 വര്ഷത്തിന് ശേഷമുള്ള ചിത്രമാണ് ഇത്. ആദ്യത്തെ ചിത്രത്തില് നിന്ന് നല്ല രൂപമാറ്റമാണ് രണ്ടാമത്തെ ചിത്രത്തില് ബിന്ദുവിന് സംഭവിച്ചിട്ടുള്ളത്.
അതേസമയം, സെബാസ്റ്റ്യനെ ഒളിവില് താമസിപ്പിച്ചതിന് ബന്ധു എം ബോണിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യന്റെ ഭാര്യയുടെ ബന്ധുവായ ഏറ്റുമാനൂര് സ്വദേശിയായ ബോണിയാണ് ഇയാള്ക്ക് ഒളിവില് കഴിയുവാന് കണ്ണൂരിലെ തളിപ്പറമ്പിലുംകര്ണാടകയിലെ ഷിമോഗയിലും താവളം ഒരുക്കിയതെന്ന് ചേര്ത്തല ഡിവൈ എസ് പി പറഞ്ഞു. വിദേശത്ത് ജോലിയുള്ള ബോണി അവധിക്ക് നാട്ടില് എത്തിയതായിരുന്നു. ബാംഗ്ലൂരില് ഇയാളോടൊപ്പം എം ബി എ പഠനം നടത്തിയ സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു ഒളിവില് താമസിച്ചത്. പിന്നീട് എറണാകുളത്തെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് കീഴടങ്ങുവാന് തീരുമാനിച്ചതും പിന്നീട് പൊലീസ് പിടിയിലായതും.
കേസുമായി ബന്ധപ്പെട്ട് ചേര്ത്തല റെയില്വേ സ്റ്റേഷനിലെ റിസര്വ്വേഷന് വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങി. ചേര്ത്തലയില് നിന്ന് ചെന്നൈയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. ബിന്ദുവിന് സെബാസ്റ്റ്യന് ലക്ഷങ്ങള് കൊടുക്കാനുണ്ട് എന്ന കാര്യവും പൊലീസ് സ്ഥിരികരിക്കുന്നുണ്ട്. കേസില് ചോദ്യം ചെയ്യാന് വിളിപ്പിച്ച മനോജ് എന്ന ഡ്രൈവര് ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭീഷണിയാണ് മനോജ് ആത്മഹത്യ ചെയ്യാന് കാരണമെന്ന് ബന്ധുക്കള് ഇതിനകം തന്നെ പരാതി നല്കി. ആള്മാറാട്ടം നടത്തി ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കാന് സെബാസ്റ്റ്യന് വ്യാജ ലൈസന്സും എസ്എസ്എല്സി ബുക്കും പ്രതി മിനിയുടെ പേരില് ഉണ്ടാക്കിയിരുന്നു. ഇതില് കൂടുതല് അറസ്റ്റുണ്ടാകും. ആള്മാറാട്ടം നടത്തി സ്വത്ത് രജിസ്റ്റര് ചെയ്ത് മറിച്ചുവില്ക്കാന് എല്ലാ സഹായവും ചെയ്തത് ആധാരമെഴുത്തുകാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ബിന്ദുവിനെ കണ്ടെത്താന് ആലപ്പുഴ നാര്ക്കോട്ടിക് സെല് ഡിവൈഎസ്പി നസീമിന്റെ നേതൃത്വത്തില് വലിയ പൊലീസ് സംഘം തന്നെയുണ്ട്.
