പത്തനംതിട്ട: യുവതിയെ കുറിച്ച് നവമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചെന്നും ആരോപണമുണ്ട്. പെരുനാട് എസ്ഐക്കെതിരെയാണ് ആക്ഷേപം.
പത്തനംതിട്ട സ്വദേശിയായ ബിരുദ വിദ്യാർത്ഥിനിയുടെ ചിത്രം, വിവാഹിതയായി എന്നുപറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. കോളെജിലെ ക്രിസ്മസ് ആഘോഷത്തിനിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോ ദുരുപയോഗം ചെയ്യുന്നു എന്ന് കാട്ടി സൈബർ സെല്ലിനും പത്തനംതിട്ട എസ്പിക്കും രക്ഷിതാക്കൾ പരാതി നൽകി. ചിത്രം പ്രചരിപ്പിക്കുന്നയാളെ സൈബർ സെൽ കണ്ടെത്തിയെങ്കിലും കേസെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
അതിനിടെ, മൊഴിയെടുക്കാൻ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പെൺകുട്ടിയെയും അച്ഛനമ്മമാരെയും പൊലീസ് അപമാനിച്ചെന്നും പരാതിയുണ്ട്. പരാതിയുമായി വീണ്ടും പത്തനംതിട്ട എസ്പിയെ സമീപിച്ചപ്പോൾ, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം തുടങ്ങിയില്ലെന്നാണ് ആക്ഷേപം.
കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു. അതേസമയം.പെൺകുട്ടിയുടെ രക്ഷിതാക്കളോട് പൊലീസ് മോശമായി പെരുമാറിയിട്ടില്ലും,അന്വേഷണം പുരോഗമിക്കുകയാണന്നും പൊലീസ് പറയുന്നു
