സഹാരൺപുർ: റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ആ കൗമാരക്കാരെ കണ്ടപ്പോള്‍ ആ പൊലീസുകാര്‍ക്ക് അല്‍പം പോലും അലിവ് തോന്നിയില്ല. തങ്ങളുടെ വാഹനത്തില്‍ രക്തക്കറ പുരളുന്നത് സഹിക്കില്ലെന്ന പൊലീസിന്റെ നിലപാടിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് രണ്ട് കൗമാരക്കാര്‍ക്ക്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ പരാജയപ്പെട്ടതോടെ രണ്ടു പേരും റോഡില്‍ കിടന്ന് മരിച്ചു. വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണു കാറിൽ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനം വിട്ടുനൽകാഞ്ഞത്.

അർപിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തിൽപ്പെട്ടത്. അവരുടെ ബൈക്കിനു സമീപം രക്തം വാർന്നു കിടക്കുന്നതും വിഡിയോയിലുണ്ട്. അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്പരിൽ വിളിച്ചു പൊലീസിനെ അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് സംഘം പരുക്കേറ്റവരെ രക്ഷിക്കാൻ ഒരു ശ്രമവുംനടത്തിയില്ല.

കുട്ടികളെ ആശുപത്രിയിൽ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്നവരിലൊരാൾ താണുകേണു പറയുന്നതായി വിഡിയോയിൽനിന്നു വ്യക്തമാണ്. ഇവിടെനിൽക്കുന്ന വേറാരൊരാൾക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്.പൊലീസുകാരിൽനിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങൾ നിർത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവർ നടത്തി. മറ്റു വാഹനങ്ങളും നിർത്തിയില്ല. പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതേസമയം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സഹാരൺപുർ പൊലീസ് മേധാവി പ്രഭാൽ പ്രതാപ് സിങ് അറിയിച്ചു. മൂന്നു പൊലീസുകാരെ സസ്പെൻ‍ഡ് ചെയ്തു. അന്വേഷണത്തിനുശേഷം കൂടുതൽ നടപടിയെടുക്കും. സംസ്ഥാനമെങ്ങും ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയാണ് 2016ൽ യുപി സർക്കാർ ‘ഡയല്‍ 100’ പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വാഹനങ്ങളും പൊലീസിനു നൽകിയിരുന്നു.