ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഉത്തര്‍ പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതി‌ജ്ഞ ചെയ്തത്. 

സംഭവത്തെപ്പറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. അയോധ്യ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് വീഡിയോ പ്രചരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ രണ്ടാമത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സൂര്യ കുമാര്‍ പ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അഖില ഭാരതീയ സമഗ്ര വിചാര്‍ മന്‍ജ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ സത്യപ്രതിജ്ഞ നടന്നത്. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റി ഉപയോഗിച്ച വീഡിയോയാണ് വൈറലായതെന്നും അദ്ദേഹം പറഞ്ഞു.