യൂണിഫോമില്‍ ഭിക്ഷയെടുക്കാന്‍ അനുവദിക്കണമെന്ന് ഉദ്ദവ് താക്കറെയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന്‍

മുംബൈ: രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ട്, വീട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും പണമില്ല, യുണിഫോമില്‍ ഭിക്ഷയെടുക്കാന്‍ അനുവദിക്കണമെന്ന് പൊലീസുകാരന്റെ അപേക്ഷ. മുംബൈ പോലീസില്‍ സേവനം ചെയ്യുന്ന കോണ്‍സ്റ്റബിളിന്റേതാണ് അപേക്ഷ. ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തിലാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. 

വീട്ടുചെലവിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ യൂണിഫോമില്‍ ഭിക്ഷയെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടം വീട്ടിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. ഭാര്യയ്ക്ക് അപകടത്തില്‍ കാലൊടിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ലീവ് എടുത്തിരുന്നു. രണ്ട് ദിവസം എടുത്തിരുന്ന ലീവ് പിന്നീട് സാഹചര്യങ്ങളെ തുടര്‍ന്ന് എട്ടായി നീട്ടിയിരുന്നു. 

എന്നാല്‍ ഇതിന് ശേഷം ശമ്പളം ലഭിക്കുന്നത് നിന്നുവെന്നാണ് പരാതിയില്‍ ആരോപണം. വിവരം തിരക്കിയപ്പോള്‍ കൃത്യമായ വിശദീകരണമൊന്നും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. യാതൊരു അറിയിപ്പും കൂടാതെ ഡ്യൂട്ടിക്ക് എത്താതിരിക്കുന്നതാണ് ശമ്പളം നിര്‍ത്തിവെയ്ക്കാന്‍ കാരണമാകുക. എന്നാല്‍ ആദ്യം നിയമപരമായി ലീവെടുത്ത താന്‍ അടിയന്തിര സാഹചര്യത്തില്‍ ഫോണില്‍ വിളിച്ച് ലീവ് ചോദിക്കുകയും അനുവദിക്കപ്പെടുകയും ചെയ്തിരുന്നതായിട്ടാണ് പൊലീസുകാരന്‍ വിശദമാക്കുന്നത്.