ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായാണ് കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ സമ്മേളം കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്നത്. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങിയ ശേഷം സാംസ്കാരിക പരിപാടി അരങ്ങേറി. ഈ സമയം അവതാരകയായ പെണ്‍കുട്ടി സദസിലെ സീറ്റിലിരിക്കുമ്പോള്‍ ഹൈടെക് സെല്ലിലെ ഉദ്യോഗസ്ഥനെത്തി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും പിന്നീട് മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി.

പെണ്‍കുട്ടി അപ്പോള്‍ തന്നെ ഐജി മനോജ് എബ്രഹാമിനെ പരാതി അറിയിച്ചു. ഐ.ജി ഹൈടെക് സെല്ലിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും മറ്റൊരു പൊലീസുകാരനെയും ചോദ്യം ചെയ്തു. പരിപാടിയില്‍ നിന്നും ഇരുവരെയും ഇറക്കിവിട്ടു.. സാസ്കാരിക പരിപാടി നടക്കുന്ന സ്ഥലത്തെ ചുമതല ഇല്ലാതിരുന്നിട്ടും ഹൈടെക് സെല്ലിലെ ഉദ്യോഗസ്ഥന്‍ അനാവശ്യമായാണ് അവിടെയെത്തിയതെന്ന് അന്വേഷണത്തില്‍ മനസിലായി. സംഭവം ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഐ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയത് വലിയ നാണക്കേടുണ്ടാക്കിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.