ഉത്തർപ്രദേശ് ആസൂത്രണ കമ്മീഷനിലോ മലിനീകരണ നിയന്ത്രണ ബോർഡിലോ ജോലി നൽകണമെന്നാണ് ആവശ്യം. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നാണ് ശുക്ലയുടെ വാദം.

ഉത്തർപ്രദേശ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് പോലീസ് ഓഫീസർ സൂര്യകുമാർ ശുക്ല നൽകിയ വിവാദ കത്ത് പുറത്ത്. വിരമിച്ചതിന് ശേഷം തനിക്ക് സർക്കാർ പദവി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയ്ക്കായി പ്രവർത്തിക്കാമെന്നും കത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 23 നാണ് ഔദ്യോ​ഗികമായി കത്തയച്ചിരിക്കുന്നത്. 

ആ​ഗസ്റ്റ് 31 നാണ് സൂര്യകുമാർ ശുക്ല പദവിയിൽ നിന്ന് വിരമിക്കുന്നത്. ഉത്തർപ്രദേശ് ആസൂത്രണ കമ്മീഷനിലോ മലിനീകരണ നിയന്ത്രണ ബോർഡിലോ ജോലി നൽകണമെന്നാണ് ആവശ്യം. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നാണ് ശുക്ലയുടെ വാദം. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ശുക്ല ഇതുവരെ തയ്യാറായിട്ടില്ല. രാമക്ഷേത്രം നിർമ്മിക്കാൻ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനം നടത്തി വിവാദത്തിലായ വ്യക്തിയാണ് സൂര്യകുമാർ ശുക്ല. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും കത്തിൽ ഇദ്ദേഹം പറയുന്നു.