മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ യുവതിയെയും യുവാവിനെയും ജഗ്രിതിവിഹാറിലുള്ള ഒരു വീട്ടില്‍ വച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞുച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. സംഘം, യുവാവിനെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള അവയവങ്ങളില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു

മീററ്റ്: മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടിയെ പൊലീസ് വാനിനകത്ത് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പൊലീസുകാര്‍ക്ക് 'വിഐപി' സ്ഥലംമാറ്റം. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. 

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ യുവതിയെയും യുവാവിനെയും ജഗ്രിതിവിഹാറിലുള്ള ഒരു വീട്ടില്‍ വച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞുച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. സംഘം, യുവാവിനെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള അവയവങ്ങളില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

ഇതിനിടെ പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ വാനില്‍ വച്ചാണ് പൊലീസുകാര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. രണ്ട് വീഡിയോയും വൈറലായതോടെ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ഉറപ്പുനല്‍കിയിരുന്നു. 

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ 18 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, മെച്ചപ്പെട്ട പോസ്റ്റിംഗ് അവര്‍ക്ക് നല്‍കുകയും ചെയ്തു. അതേസമയം തനിക്കെതിരെ ഇപ്പോഴും ഭീഷണികളുണ്ടെന്നും ഈ സാഹചര്യത്തില്‍ കോളേജില്‍ പോകാനാകുന്നില്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചു.