പിഴവ് സമ്മതിച്ച് പൊലീസ് 

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പൊലീസ്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ഇവര്‍ക്കെതിരയുളള കേസ് റദ്ദക്കാണമെന്നും ആവശ്യപ്പെട്ട് പറവൂര്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി . മരിച്ച ശ്രീജിത്തടക്കമുളളവര്‍ പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പൊലീസിന്‍റെ കുറ്റസമ്മതം. ഈ കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

അതേസമയം, ശ്രീജിത്തിന്‍റെ കേസില്‍ മൂന്ന് ആര്‍ടിഎഫുകാരുടെയും ജാമ്യാപേക്ഷ തള്ളി. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കൂടാതെ വരാപ്പുഴയില്‍ വീടാക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മരിച്ച ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത് അടക്കമുളളവര്‍ക്കാണ് ജാമ്യം. അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും പുറത്തായി. സ്റ്റേഷനില്‍ വച്ചു ദീപക് ശ്രീജിത്തിനെ മർദിച്ചതായി കൂട്ടുപ്രതികൾ മൊഴി നൽകി. വൈകിട്ടോടെ ദീപക്കിനെ കോടതിയിൽ ഹാജരാക്കും. 

കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ സഹോദരൻ സജിത്ത് ഉൾപ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താൻ നിർണായകമായത്. രാത്രി വൈകി വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്ഐ ദീപക് ശ്രീജിത്ത്‌ ഉൾപ്പെടെ ഉള്ള പ്രതികളെ മർദ്ദിക്കുന്നതു കണ്ടു എന്നാണ് മൊഴി. 

ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ മർദ്ദനമേറ്റ പാടുകളും ദീപക്കിനെതിരായി. എന്നാൽ മരണകാരണമായ മർദ്ദനം നടന്നത് എവിടെ വച്ചാണെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കൽ ബോർഡ്‌ നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല എന്ന വാദമാണ് ദീപക് ഉയർത്തുന്നത്. 

രാത്രി വൈകി സ്വദേശമായ നെടുമങ്ങാട് നിന്നും വണ്ടി ഓടിച്ച് എത്തിയതിന്റെ അമർഷം ശ്രീജിത്തിനെ കാണാനെത്തിയ ബന്ധുക്കളോട് പ്രകടിപ്പിച്ചു എന്ന് ദീപക് സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ദീപക്കിനെ പറവൂർ കോടതിയിൽ ഹാജരാക്കും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടി നേരിട്ട പറവൂർ സിഐ ക്രിസ്പിൻ സാമിനെ പ്രതിയാക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വൈകാതെ തീരുമാനമെടുക്കും.