കോടതി മുറിക്കകത്ത് അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു,അപമാനിച്ചു, അസഭ്യം പറഞ്ഞു, ജോലി തടസപ്പെടുത്തി തുടങ്ങി വിശദമായ പരാതിയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് നല്‍കിയത്. വിജലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിഭാഷകരുടെ അതിക്രമം. പരാതി കിട്ടി ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 

ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് ലേഖകന്‍ പ്രഭാത് നായരുടെ പരാതിയില്‍ മാത്രമാണ് പൊലീസ് പേരിന് കേസെടുത്തത്. അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ അരുണ്‍, സുഭാഷ് , രതിന്‍,രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അന്യായമായി തടവില്‍ വയ്ക്കുക ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങി എല്ലാം ദുര്‍ബല വകുപ്പുകള്‍. തുടര്‍ നടപടികളും ആയിട്ടില്ല . വനിതാ മാധ്യമപ്രവര്‍ത്തകര്‍ പരാതി എഴുതി നല്‍കിയാല്‍ നടപടി എടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആ പരാതിയിലും യാതൊരു നടപടിയുമില്ല . ഇത് അഭിഭാഷകരും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവെന്നാണ് ആക്ഷേപം . അതേസമയം വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയെന്ന് ഗവര്‍ണര്‍ പി സദാശിവം അറിയിച്ചു